പശ്ചിമ ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 5 മരണം

 

പശ്ചിമ ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 5 മരണം

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം.

ത്രിപുരയിലെ അ​ഗർത്തലയിൽനിന്ന് പശ്ചിമ ബം​ഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചരക്കു തീവണ്ടി സി​ഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്രയാരംഭിച്ച എക്സ്പ്രസ് സിലി​ഗുരിക്ക് സമീപം രം​ഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി.

രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും സജ്ജരാണ്.

രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോ​ഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു. റെയിൽവേയുടെ മുതിർന്ന ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.