കൂട്ടിക്കലില്‍ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു; കൊക്കയാറില്‍ 8 പേര്‍ക്കായി തെരച്ചില്‍

 

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ കാവാലിയില് 6 മൃതദേഹങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ 6 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ കൂട്ടിക്കലില്‍ മരണസംഖ്യ 9 ആയി. ഒരു കുടുംബത്തിലെ 6 പേരെ കൂട്ടിക്കലില്‍ കാണാതായിരുന്നു. ഇനി 5 പേരെ കൂടി കണ്ടെത്താനുണ്ട്. തെരച്ചില്‍ തുടരുകയാണ്.

എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി, കൊക്കയാറിലും തെരച്ചില്‍ തുടരുകയാണ്. ഇവിടെ 8 പേരെയാണ് കാണാതായത്. കൊക്കയാറില്‍ രണ്ട് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തും. കൊക്കയാറില്‍ കാണാതായവരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. ഇവിടെ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

കൂട്ടിക്കലില്‍ വലിയ പാറകളും മണ്ണും അടിഞ്ഞു കൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. പലയിടത്തു നിന്നും ശരീരാവശിഷ്ടങ്ങളാണ് ലഭിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടുണ്ട്. എങ്കിലും പലയിടത്തും ഒറ്റപ്പെട്ട മഴ തുടരുകയാണ്.

മഴ കുറഞ്ഞതോടെ കോട്ടയത്ത് മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നു. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. താമരശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്.