വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണം തുടരുന്നു; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിയതായി ഇന്ത്യന്‍ എംബസി
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വിവിധ പ്രദേശങ്ങളില്‍ ആക്രമണം തുടരുന്നതായി സൂചന. ഇതേത്തുടര്‍ന്ന് സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വഴിയില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ യാത്ര സുഗമമായിരിക്കില്ലെന്ന വിലയിരുത്തലിലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിയത്.
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബസുകള്‍ പുറപ്പെടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളിലേക്ക് മടങ്ങണമെന്നും എംബസി അറിയിച്ചു. മേഖലയില്‍ പലയിടത്തും വെടിനിര്‍ത്തല്‍ ലംഘനമുണ്ടാകുന്നുണ്ടെന്നും തുടര്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് അറിയിപ്പ് നല്‍കിയത്.
നാലിടത്താണ് റഷ്യ ഇന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെങ്കിലും പലയിടത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്. സുമിയില്‍ 700ഓളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ട്.. ഇവരില്‍ മുന്നൂറോളം പേര്‍ മലയാളികളാണ്.