അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ രജനി

 

പേവിഷബാധയേറ്റ് മരിച്ച അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയാണെന്ന് അമ്മ രജനി. കുട്ടിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള നായയാണെന്നും കഴുത്തില്‍ ബെല്‍റ്റും തുടലും ഉണ്ടായിരുന്നെന്നും രജനി പറഞ്ഞു. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ അലഞ്ഞു തിരിഞ്ഞ് നടക്കില്ലല്ലോ ആരുടേയോ വീട്ടില്‍ വൈറസ് ബാധിച്ച നായയെ ഇറക്കി വിട്ടതാണെന്നും അവര്‍ ആരോപിച്ചു. 

നായയുടെ കടിയേറ്റ കുട്ടിയെ എത്തിച്ചപ്പോള്‍ പെരിനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മുറിവ് സോപ്പിട്ടു കഴുകാന്‍ നിര്‍ദേശം ലഭിച്ചത്. കുട്ടിയുടെ അച്ഛനാണ് അത് ചെയ്തതെന്നും കുട്ടിയുടെ മുറിവിന്റെ ഗൗരവം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ലെന്നും രജനി പറഞ്ഞു. 

സോപ്പ് വാങ്ങിച്ചുകൊണ്ട് വന്ന് ഞങ്ങള്‍ തന്നെയാണ് കുഞ്ഞിനെ കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി പറഞ്ഞത്. പക്ഷേ, കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. ആണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നങ്കില്‍ അവര്‍ എന്തുകൊണ്ട് റഫര്‍ ചെയ്തില്ലെന്നും അവര്‍ ചോദിച്ചു. 

കണ്ണിനോടുചേര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അതുവഴി വൈറസ് വളരെ വേഗം തലച്ചോറിലെത്തിയതാകാമെന്ന് കോട്ടയം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.  കടിയേറ്റ ഉടന്‍ വാക്സിന്‍ എടുത്തെങ്കിലും അതിനുമുമ്പുതന്നെ വൈറസ് തലച്ചോറിലേക്ക് കടന്നാല്‍ ചികിത്സകള്‍ ഫലിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.