അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവെച്ചു; ഇനി യുപിയില്‍ പ്രതിപക്ഷനേതാവാകും
Updated: Mar 22, 2022, 16:43 IST
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭയില്‍ നിന്ന് രാജിവെച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. 111 സീറ്റുകളില്‍ വിജയിച്ച് ഉത്തര്‍പ്രദേശില്‍ രണ്ടാം സ്ഥാനത്തെത്തിയ സമാജ് വാദി പാര്‍ട്ടിയുടെ നേതാവായ അഖിലേഷ് ഇനി പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അഖിലേഷ് രാജിക്കത്ത് നല്‍കി. കിഴക്കന്‍ യുപിയിലെ അസംഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമായിരിക്കെയാണ് അഖിലേഷ് നിയമസഭയിലേക്ക് മത്സരിച്ചത്. 255 സീറ്റുകള്‍ നേടി ബിജെപി യുപിയില്‍ ഭരണം നിലനിര്‍ത്തിയ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിപക്ഷമാകാനുള്ള തയ്യാറെടുപ്പിലാണ് സമാജ് വാദി പാര്‍ട്ടി.