ഫൈനലിസിമയിൽ കിരീടം അർജന്റീനയ്ക്ക്; ഇറ്റലിയെ തകർത്തത് എതിരില്ലാത്ത 3 ഗോളിന്
യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യൻമാർ ഏറ്റുമുട്ടിയ ഫൈനലിസിമ കപ്പിൽ അർജന്റീനക്ക് തകർപ്പൻ ജയം. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയിച്ചതോടെ തുടർച്ചയായി 32 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കാൻ അർജന്റീനയ്ക്കായി. 29 വർഷങ്ങൾക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കൾ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.
28-ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസിലൂടെ അർജന്റീന മുന്നിലെത്തി. ലയണൽ മെസ്സി നടത്തിയ മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ നൽകിയ അസിസ്റ്റ് മാർട്ടിനസ് ഗോളാക്കിമാറ്റുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് ഏയ്ഞ്ചൽ ഡി മരിയ കോപ്പ രണ്ടാം ഗോൾ നേടി. മാർട്ടിനസ് നൽകിയ അസിസ്റ്റിലാണ് ഡി മരിയ ഗോൾ നേടിയത്. കളി അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച പൗലോ ഡിബാല ഗോളാക്കി മാറ്റി.
ഈ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 2004-ൽ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ചെല്ലിനി 117 മത്സരങ്ങൾ കളിച്ചു.