'അശ്വത്ഥാമാവ് വെറും ഒരു ആന'; എം.ശിവശങ്കറിന്റെ ആത്മകഥ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു

 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആത്മകഥ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലുള്ള പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ നിന്നുള്ള ചില അധ്യായങ്ങള്‍ പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിയേണ്ടി വന്ന അനുഭവങ്ങളും കേസില്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച സമീപനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആത്മകഥയിലുണ്ടാകുമെന്നാണ് കരുതുന്നത്. സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം കഴിഞ്ഞ മാസം ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചിരുന്നു. ഒന്നര വര്‍ഷത്തോളം അദ്ദേഹം സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്നു. 

ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി ഒരു വര്‍ഷത്തോളം പിന്നിട്ട ശേഷമാണ് ശിവശങ്കര്‍ സര്‍വീസില്‍ തിരികെയെത്തിയത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനാല്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.