രാഹുല്‍ ഗാന്ധി ധരിച്ച ടീഷര്‍ട്ടിന്റെ വില 41,000 രൂപയെന്ന് ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി പ്രചാരണം. ഭാരത് ദേഖോ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ബെറി ബ്രാന്‍ഡിലുള്ള ടീഷര്‍ട്ടിന്റെ വില 41,257 രൂപയാണെന്ന് ചിത്രത്തിലുണ്ട്. അതേതരത്തിലുള്ള ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത്തരത്തിലുള്ള വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ട്വീറ്റിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുലിന്റെ യാത്രയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെക്കണ്ട് പേടിച്ചു പോയോ എന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മറുപടി നല്‍കി. നാട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കൂ, തൊഴിലില്ലായ്മയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കൂ.
ഇനി വസ്ത്രത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിജിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെക്കുറിച്ചും ഒന്നരലക്ഷത്തിന്റെ കണ്ണടയെക്കുറിച്ചും സംസാരിക്കേണ്ടി വരും. ചെയ്യണോ വേണ്ടയോ എന്ന് പറയൂ എന്നാണ് കോണ്‍ഗ്രസ് കുറിച്ചത്. ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുല്‍ വസ്ത്രം വാങ്ങുന്നതെന്നാണ് ഇതില്‍ പ്രതികരിച്ച ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ പറഞ്ഞത്.