ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ ഫൈനലിൽ
രണ്ടാം പാദത്തിലും വിയ്യാറയലിനെ തോൽപ്പിച്ചു. വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. അഗ്രഗേറ്റ് 5-2
രണ്ടാം പാദ സെമിയുടെ ആദ്യ പകുതിയിൽ വിയ്യാറയൽ ലിവർപൂളിനെ ഒന്ന് വിറപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ തനി സ്വരൂപം പുറത്തെടുത്തു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച്, അഗ്രഗേറ്റിൽ 5-2ന്റെ ആധികാരിക വിജയത്തോടെ അവർ ഫൈനലിൽ. മാഞ്ചസ്റ്റർ സിറ്റിയോ, റയൽ മാഡ്രിഡോ എതിരാളികൾ എന്ന് ബുധാനാഴ്ച്ച രാത്രി അറിയാം.
കളി തുടങ്ങിയ ഉടനെതന്നെ ഗോളടിച്ച് വിയ്യ ഞെട്ടിച്ചു. മൂന്നാം മിനിറ്റിൽ തന്നെ ഗോൾ. ബൗലായേ ദിയ സ്കോർ ചെയ്തു. 41ാം മിനിറ്റിൽ ഫ്രാൻസീസ് കോക്വലിൻ ഗോളടിച്ച് അഗ്രഗേറ്റിൽ സമനില നേടിയതോടെ ആതിഥേയ ആരാധകർക്ക് ആവേശം അണപൊട്ടി. എന്നാൽ രണ്ടാം പകുതിയിൽ ജോട്ടയെ പിൻവലിച്ച് ലൂയിസ് ഡിയാസിനെ ഇറക്കിയതോടെ ലിവർപൂൾ ആക്രമണം കടുപ്പിച്ചു. ഇതിന് ഫലമുണ്ടായി. 62ാം മിനിറ്റിൽ സലയുടെ അസിസ്റ്റിൽ ഫാബിഞ്ഞോ ഗോളടിച്ചു. തൊട്ടു പിന്നാലെ അലക്സാണ്ടർ അറണോൾഡിന്റെ പാസിൽ തല വെച്ച് ലൂയിസ് ഡിയാസ് ഗോൾ നേടി. 74ാം മിനിറ്റിൽ സാദിയോ മാനേയുടെ സോളോ ഗോൾ.
ആദ്യപകുതിയിൽ കളിച്ച വിയ്യാറയലിന്റെ നിഴൽ മാത്രമാണ് രണ്ടാം പകുതിയിൽ കണ്ടത്. 85ാം മിനിറ്റിൽ എറ്റിനെ ചുവപ്പുകാർഡ് കണ്ട് പുറത്തായി.