ചെന്നൈക്ക് ആറാം തോൽവി; പഞ്ചാബിന്റെ ജയം 11 റൺസിന്

 

തകർപ്പൻ പ്രകടനത്തിന് ശേഷം അമ്പാട്ടി റായിഡു പുറത്താകുമ്പോൾ വാങ്കഡേ സ്റ്റേഡിയത്തിലെ ചെന്നൈ സൂപ്പർ കിം​ഗ്സ് ആരാധകർ നിരാശരായില്ല. പകരം അവേശത്തോടെ അവർ കൈയ്യടിച്ചു. പിന്നാലെ വന്ന മഹേന്ദ്രസിം​ഗ് ധോണിയുടെ മറ്റൊരു വിന്റേജ് പ്രകടനം അവർ പ്രതീക്ഷിച്ചു. എന്നാൽ മുംബൈ ബൗളർമാരെപ്പോലെ ആയിരുന്നില്ല പഞ്ചാബ് പേസർമാർ. അവർ സിഎസ്കെയെയും ധോണിയേയും വരുതിയിലാക്കി. ഫലമോ പഞ്ചാബിന് 11റൺസ് വിജയം.

188 റൺസ് പിൻതു‌ടരവെ പലവട്ടം തോൽവി മണത്ത ചെന്നൈ സൂപ്പർ കിം​ഗ്സിനെ 39 പന്തിൽ 78 റൺസ് നേടിയ അമ്പാട്ടി റായിഡുവാണ് വിജയപ്രതീക്ഷ നൽകിയത്. 6 സിക്സും 7 ഫോറും അടങ്ങിയ ആ ഇന്നിം​ഗ്സ് തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ അടിത്തറ. ഋതുരാജ് ​ഗെയ്ക്വാദുമായി(27 പന്തിൽ 30)  48 റൺസിന്റേയും നായകൻ രവീന്ദ്ര ജഡേജക്കൊപ്പം (16 പന്തിൽ പുറത്താകാതെ 21) 64 റൺസിന്റേയും കൂട്ടുകെട്ട് റായിഡു ഉണ്ടാക്കി. 

17മത്തെ ഓവറിലെ അഞ്ചാം പന്തിൽ റായിഡു പുറത്താകുമ്പോൾ ചെന്നൈ സൂപ്പർ കിം​ഗ്സിന് 2 ഓവറിൽ വേണ്ടത് 35 റൺസ്. ധോണിയും ജഡേജയും ക്രീസിലുള്ളപ്പോൾ അത് സാധിക്കാവുന്ന ലക്ഷ്യവുമാണ്. എന്നാൽ 19ാം ഓവർ എറിഞ്ഞ അർഷദീപ് സിം​ഗ് വഴങ്ങിയത് വെറും 8 റൺസ് മാത്രം. ഇതോടെ അവസാന ഓവറിൽ 27 റൺസ് എന്നതായി വിജയലക്ഷ്യം. ഋഷി ധവാൻ എറിഞ്ഞ ഓവറിലെ ആദ്യ  പന്ത് സിക്സർ പറത്തി ധോണി ആരാധകരെ ആവേശത്തിലാക്കിയെങ്കിലും മൂന്നാം പന്തിൽ ഡീപ്പ് മിഡ് വിക്കറ്റിൽ ബെയർസ്റ്റോയുടെ കൈകളിൽ ഒതുങ്ങി. ഒരു പക്ഷെ ലീവ് ചെയ്തിരുന്നെങ്കിൽ വൈഡ് ആകാമായിരുന്ന പന്തായിരുന്നു അത്. 20 ഓവറിൽ 6ന് 176 എന്ന സ്കോറിൽ ചെന്നൈ ഇന്നിം​ഗ്സ് അവസാനിച്ചു. റബാദക്കും ഋഷി ധവാനും 2 വിക്കറ്റ് വീതം കിട്ടി. 

നേരത്തെ ടോസ് നഷ്ടമായി ബാറ്റിം​ഗ് തുടങ്ങിയ പഞ്ചാബിന് വേണ്ടി ശിഖർ ധവാനും ബാനുക രജപക്ഷയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 110 റൺസ് ആണ് ടീമിന് നൽകിയത്. ധവാൻ‍ പുറത്താകാതെ 59 പന്തിൽ 88 റൺസ് നേടി. 32 പന്തിൽ 42 റൺസ് ആണ് രജപക്ഷെ നേടിയത്. രജപക്ഷെ പുറത്തായ ശേഷമെത്തിയ ലിയാം ലിവിങ്സ്റ്റൺ 7 പന്തിൽ 19 റൺസ് നേടി. ബ്രാവേ 2 വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ ചെന്നൈ സൂപ്പർ കിം​ഗ്സിന്റേയും പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. 

ജയത്തോടെ പഞ്ചാബിന് 8 കളികളിൽ നിന്നും 8 പോയിന്റായി. ആറാം സ്ഥാനത്താണ് അവർ. ഒമ്പതാം സ്ഥാനത്തുള്ള സിഎസ്കെക്ക് 4 പോയിന്റാണ് ഉള്ളത്. ചൊവ്വാഴ്ച്ച ആർസിബി- രാജസ്ഥാൻ റോയൽസ് മത്സരം നടക്കും.