ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് സിറ്റി; മൂന്ന് പോയിന്റ് ലീഡ്. ലെസ്റ്ററിനെ തോൽപ്പിച്ച് സേഫ് സോണിലെത്തി എവർട്ടൺ

മാഡ്രിഡ് ഡാർബിയിൽ അത്‍ലറ്റിക്കോക്ക് വിജയം;റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി ബാഴ്സലോണ
 

ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇം​ഗ്ലീഷ് കിരീടപ്പോരാട്ടത്തിൽ മൂന്ന് പോയിന്റ് ലീഡ് എടുത്തു. കഴിഞ്ഞ ദിവസം ലിവർപൂൾ- ടോട്ടനം മത്സരം സമനിലയിൽ ആയതോടെ ഈ വിജയം സിറ്റിയുടെ കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമാകും. അഞ്ച് ​ഗോൾ വ്യത്യാസത്തിൽ ജയിച്ചതോടെ ​ഗോൾ ശരാശരിയിൽ നാല് ​ഗോളിന്റെ ലീഡും സിറ്റിക്ക് കിട്ടി. ലീ​ഗിൽ ഇനി 3 കളികൾ ആണ് ബാക്കിയുള്ളത്.

കളിയുടെ തുടക്കത്തിൽ കിട്ടിയ സുവർണാവസരം ന്യൂകാസിൽ ഫോർവേഡ് ക്രിസ് വുഡ് പാഴാക്കി. എന്നാൽ പിന്നീടങ്ങോട്ട് മുഴുവൻ അവസരങ്ങളും സൃഷ്ടിച്ചതും ​ഗോളടിച്ചതും സിറ്റിയാണ്. 19ാം മിനിറ്റിൽ റഹീം സ്റ്റെർലിം​ഗ്, 38ാം മിനിറ്റിൽ ലെപോർട്ട്, 61ാം മിനിറ്റിൽ റോഡ്രി, 90ാം മിനിറ്റിൽ ഫോഡൻ എന്നിവർ ​ഗോളടിച്ചു. 93ാം മിനിറ്റിൽ സ്റ്റെർലിം​ഗിന്റെ രണ്ടാം ​ഗോളോടെ സിറ്റി അഞ്ച് ​ഗോൾ തികച്ചു.

ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ലീഡ്സ് യുണൈറ്റ‍ഡിനെ തോൽപ്പിച്ച് ആഴ്സണൽ നാലാം സ്ഥാനം ഉറപ്പാക്കി. അഞ്ചാം സ്ഥാനത്തുള്ള ടോട്ടനവുമായി 4 പോയിന്റ് ലീഡ് ആഴ്സണലിനുണ്ട്. എ‍ഡ്വാർഡ് എൻകിതയുടെ ഇരട്ട ​ഗോളാണ് ആഴ്സണലിന് വിജയം നേടിക്കൊടുത്തത്. 27ാം മിനിറ്റിൽ അയ്ലിം​ഗ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. 66ാം മിനിറ്റിൽ ഡിയാ​ഗോ ലോറെന്റെ ​ലീഡ്സിന്റെ ​ഗോളടിച്ചു. 

ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ലെസ്റ്ററിനെ തകർത്ത് എവർട്ടൺ റെല​ഗേഷൻ സോണിൽ നിന്നും തൽക്കാലം സേഫായി. മൈക്കളെങ്കോ, ഹോൾഡേറ്റ് എന്നിവർ എവർട്ടണ് വേണ്ടി സ്കോർ ചെയ്തു. ഡക്കയാണ് ലെസ്റ്ററിന്റെ ​ഗോളടിച്ചത്. 34 കളിയിൽ നിന്നും 35 പോയിന്റുമായി എവർട്ടൺ 16ാം സ്ഥാനത്താണ്. ബേൺലിയും ലീഡ്സുമാണ് തൊട്ടുപിന്നിൽ. 

വെസ്റ്റ്ഹാം എതിരില്ലാത്ത നാല് ​ഗോളിന് നോർവിച്ച് സിറ്റിയെ തകർത്തു. 

ലാലീഡയിൽ മാഡ്രിഡ് ഡാർബിയിൽ അത്‍ലറ്റിക്കോക്ക് വിജയം. റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് അത്‍ലറ്റി ജേതാക്കളായത്. 40ാം മിനിറ്റിൽ കരാസ്കോ നേടിയ പെനാൽറ്റിയാണ് അത്‍ലറ്റിക്കോക്ക് വിജയം സമ്മാനിച്ചത്. ലാലീ​ഗ കിരീടം നേടിയ റയലിനെ ഈ തോൽവി ബാധിക്കില്ല.

റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി ബാഴ്സലോണ ലീ​ഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. 94ാം മിനിറ്റിൽ ജോർഡി ആൽബ നേടിയ ​ഗോളാണ് ജയം ബാഴ്സക്ക് നേടിക്കൊടുത്തത്. 76ാം മിനിറ്റിൽ അൻസു ഫാത്തിയുടെ ​ഗോളിൽ ബാഴ്സ മുന്നിലെത്തിയെങ്കിലും 3 മിനിറ്റുകൾക്കുള്ളിൽ മാർക്ക് ബരാത്ത സമനില ​ഗോൾ നേടി.