പിഎഫ്‌ഐ നേതാക്കളുടെ സ്വത്തു കണ്ടുകെട്ടുന്നത് വൈകുന്നു; അതൃപ്തി അറിയിച്ച് ഹൈക്കോടതി

 

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന വിഷയത്തില്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജപ്തിക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

മിന്നല്‍ ഹര്‍ത്താലില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതികളിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ത്താലുകളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്ന സംഘടനകളുടെ നേതാക്കളില്‍ നിന്ന് നഷ്ടം ഈടാക്കാനാകും. എന്നാല്‍ നടപടി വൈകുന്നതിലാണ് കോടതി അതൃപ്തി അറിയിച്ചത്. 

ജപ്തി നടപടികള്‍ ജനുവരി 15ന് മുന്‍പായി പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തേ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ നടപടി വൈകിയതില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ടു ഹാജരായി ഖേദം പ്രകടിപ്പിച്ചിരുന്നു.