റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകയുടെ മരണം; ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി കേസ്; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ 

 

ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തക കടുത്ത പീഡനങ്ങള്‍ ഏറ്റിരുന്നതായി സൂചന. ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതിയാണ് മരിച്ചത്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. 

ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ശ്രുതിയെ നിരീക്ഷിക്കാന്‍ മുറിക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും കണ്ടെത്തി. ശരീരമാസകലം കടിച്ച് പരിക്കേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കുന്നു. ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിലെ വീട്ടിലായിരുന്നു അനീഷ്. 

നാട്ടില്‍ നിന്ന് അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗളൂരിവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയെ ഫോണില്‍ വിളിക്കുകയും സെക്യൂരിറ്റി ഫ്‌ളാറ്റില്‍ എത്തി പരിശോധിച്ചപ്പോള്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.