ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉടമയായ യുവതിയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയില്‍
കൊടുങ്ങല്ലൂരില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉടമയായ യുവതിയെ റോഡില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് സ്വദേശി റിയാസിനെ(25)യാണ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ എറിയാട് കെവിഎച്ച്എസ് സ്‌കൂളിന് സമീപം നിറക്കൂട്ട് എന്ന ടെകസ്റ്റൈല്‍ ഷോപ്പ് നടത്തുന്ന റിന്‍സി നാസറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
രാത്രി കടയടച്ച ശേഷം കുട്ടികളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു ആക്രമണമുണ്ടായത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിയാസ് ആളുകളില്ലാത്ത സ്ഥലത്തു വെച്ച് സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം റിന്‍സിയെ വെട്ടുകയായിരുന്നു. മുഖത്തും കൈകളിലുമാണ് വെട്ടേറ്റത്. 30ഓളം വെട്ടുകള്‍ ഏറ്റു. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റു. ചികിത്സയിലായിരുന്ന റിന്‍സി വെള്ളിയാഴ്ചയാണ് മരിച്ചത്. ആക്രമണത്തില്‍ ഭയന്ന കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും റിയാസ് അവരെ ഭീഷണിപ്പെടുത്തി.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. വീടിന് 500 മീറ്റര്‍ അകലെയായാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. റിയാസ് മുന്‍പ് റിന്‍സിയെ കടയില്‍ എത്തി ഭീഷണിപ്പെടുത്തിയിരുന്നു. റിന്‍സിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയ സംഭവത്തില്‍ ഇയാളെ പോലീസ് നേരത്തേ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.