നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ 

 

നടിയെ ആക്രമിച്ച കേസില്‍ നടക്കുന്ന തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണം നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം ക്രൈം ബ്രാഞ്ചിന് വിചാരണക്കോടതി നല്‍കിയിരുന്നു. ഫെബ്രുവരി 16ന് വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നിലവിലുണ്ടെങ്കിലും തുടരന്വേഷണത്തിന്റെ സാഹചര്യത്തില്‍ വിചാരണ നീളാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജിയുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. 

തുടരന്വേഷണത്തിന് ആറു മാസത്തെ സമയമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് വിചാരണക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ സൂചന നല്‍കിയിരുന്നു.