നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. തുടരന്വേഷണം തടയണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ച് വ്യക്തമാക്കി. അതില്‍ കോടതിക്ക് ഇടപെടാനാകില്ല. തെളിവുകള്‍ പുറത്തുവന്നാല്‍ അന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. 

തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് അധികാരമുണ്ടോ എന്നത് മാത്രമാണ് കോടതി പരിശോധിച്ചത്. കേസിലെ തെളിവുകളിലേക്കും മറ്റും ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ 15-നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സമയമാണ് കോടതി ആവശ്യപ്പെട്ടത്. 

ബലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇതോടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ഹര്‍ജിക്കെതിരെ കോടതിയില്‍ കക്ഷിചേരുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.