ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും തീരുമാനമായില്ല; വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

 

ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിനൊപ്പമുള്ള മറ്റു കേസുകള്‍ കേള്‍ക്കാനുള്ളതിനാലാണ് ഇന്നത്തെ വാദം പൂര്‍ത്തിയാക്കി കേസ് മാറ്റിയത്. കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം ഇന്ന് നടക്കാത്തതിനാല്‍ നാളെ അതുകൂടി കോടതി കേള്‍ക്കും. ഉച്ചയ്ക്ക് 1.45നായിരിക്കും കേസ് പരിഗണിക്കുക. 

ഗൂഢാലോചനാക്കേസില്‍ എഫ്‌ഐആര്‍ ദുര്‍ബലമാണെന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉന്നയിച്ചത്. കേസ് ചില ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണെന്നും എഫ്‌ഐആര്‍ ഇടാന്‍ വേണ്ടിയാണ് പുതിയ മൊഴികളെന്നും ദിലീപ് വാദിച്ചു. തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത്. അത് വധഗൂഢാലോചനയല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചനാക്കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. 

ദിലീപിന്റെ ശബ്ദം ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തത് ഒരു ടാബിലാണ്. ഈ ഉപകരണം ഹാജരാക്കാതെ കൃത്രിമം നടന്നിട്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ദിലീപും സഹോദരനും സഹോദരിയുടെ ഭര്‍ത്താവും ഇരിക്കുമ്പോള്‍ സംസാരിച്ചതിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയത്. ഇതില്‍ ദിലീപ് സംസാരിച്ച ഭാഗം മാത്രമാണുള്ളത്. വീട്ടില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ ഗൂഢാലോചനയാകും. ബാലചന്ദ്രകുമാര്‍ ഒരു സംവിധായകനാണ്. ബാലചന്ദ്രകുമാര്‍ പറയുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. 

ഇതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞു. കേസില്‍ തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്‌മെന്റ് മാത്രമാണ് പ്രോസിക്യൂഷന്റെ പക്കലുള്ള തെളിവ്. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസ് ക്രൈം ബ്രാഞ്ചിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചനാക്കേസിലും ഒരേ അന്വേഷണ ഉദ്യോഗസ്ഥര്‍ വരുന്നത് ദുരുദ്ദേശ്യപരമാണെന്നും തന്നെ കുടുക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.