മുൻ മന്ത്രി ടി. ശിവദാസമേനോൻ അന്തരിച്ചു

 

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.  കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.രണ്ട് തവണയായി ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു.

1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ 2001 വരെ ധനമന്ത്രിയുമായി. 1977, 1980, 1984 തിരഞ്ഞെടുപ്പുകളിൽ പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിപ്പിച്ചത്.
മണ്ണാർക്കാട് കെ.ടി.എം ഹൈസ്‌ക്കൂളിൽ 30 വർഷത്തോളം അധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയൻ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.

ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).