ഇന്ധന ടാങ്കര്‍ ലോറികള്‍ പണിമുടക്കിലേക്ക്; വിതരണം തടസപ്പെടാന്‍ സാധ്യത

 

ഇന്ധന ടാങ്കര്‍ ലോറികള്‍ പണിമുടക്കിലേക്ക്. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 600ലേറെ ലോറികള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഇതോടെ ഇന്ധന വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം പ്രോഡക്ട്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. 

13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ ലോറിയുടമകള്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്കാന്‍ തീരുമാനം എടുത്തത്. ഇക്കാര്യത്തില്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.