തൃശൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു
 

 

തൃശൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. പുതുക്കാട് റെയില്‍വേ സറ്റേഷന് സമീപം തെക്കേ തുറവിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാനായി പോയ ഗുഡ്‌സ് തീവണ്ടിയുടെ എന്‍ജിനും നാല് വാഗണുകളുമാണ് പാളം തെറ്റിയത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. 

അപകടത്തെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈകുന്നേരം എത്താനുള്ള വേണാട്, ജനശതാബ്ദി തുടങ്ങിയവ വൈകും. എന്നാല്‍ ഒരു ട്രാക്കിലൂടെ ഗതാഗതം സാധ്യമാകുമെന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

അതേസമയം ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്തും ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നിവ യാത്ര തുടങ്ങിയിട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു.