വിനായകന്റെ ഏറ് തനിക്ക് കൊള്ളില്ല; അതിന് ഈ ജന്മം മതിയാകില്ലെന്ന് രഞ്ജിത്ത്

 

നടന്‍ വിനായകന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിത്ത്. വിനായകന്റെ ഏറ് രഞ്ജിത്തിന് കൊള്ളില്ല. അതിന് ഈ ജന്മം മതിയാകില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയവണിനോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. 'ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല,അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടിവരും. അതിന് ഈ ജന്മവും മതിയാവില്ല' എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. 

രഞ്ജിത്ത് ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ട് മടങ്ങുന്നതിന്റെ ചിത്രം വിനായകന്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് വിനായകന്‍ രഞ്ജിത്തിനെതിരെ പ്രതികരിച്ചത്. 'ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും' എന്നായിരുന്നു വിനായകന്റെ പരാമര്‍ശം. 

ഈ ലോകത്ത് മാന്യനെന്ന് വെള്ളപൂശി നടക്കുന്ന അമാന്യന്‍മാരെ മുഖത്ത് നോക്കി ചീത്തപറയാന്‍ മടിക്കില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പോസ്റ്റുകള്‍ താന്‍ മനപൂര്‍വ്വം ഇടുന്നതാണ്. വിമര്‍ശനം ഉള്ളതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും വിനായകന്‍ വ്യക്തമാക്കിയിരുന്നു.