ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ല; തള്ളിപ്പറഞ്ഞ് വി.ഡി.സതീശന്‍, ഏഷ്യാനെറ്റിനെതിരായ പ്രതിഷേധം അസഹിഷ്ണുത

 

ഐഎന്‍ടിയുസിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി. എവിടെയാണോ മനുഷ്യന്റെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്, ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് അത്തരം സമരങ്ങള്‍ക്കെതിരെ പൂര്‍ണ എതിര്‍പ്പാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം വേണ്ട. ഇഷ്ടമുള്ളവര്‍ പണിമുടക്കുന്നതാണ് പണിമുടക്ക്. 

ഭീഷണപ്പെടുത്തി പണി മുടക്കിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. ഇക്കാര്യത്തി്ല്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഐഎന്‍ടിയുസിയും പണിമുടക്കില്‍ പങ്കെടുത്തിരുന്നു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ സംഘടനയാണ്. അവരുമായി സംസാരിക്കും. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെയും സതീശന്‍ തള്ളിപ്പറഞ്ഞു. തികഞ്ഞ അസഹിഷ്ണുതയാണ് സംഘടനകളുടേതെന്നാണ് സതീശന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിമര്‍ശനമുണ്ടായാല്‍ മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നയിക്കുകയല്ല വേണ്ടതെന്നും സതീശന്‍ വ്യക്തമാക്കി.