ഖത്തറില്‍ മലയാളി ബാലിക മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റിലെന്ന് സൂചന

 

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിയ നാലുവയസുകാരി മലയാളി ബാലിക മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലെന്ന് സൂചന. മൂന്ന് ബസ് ജീവനക്കാരാണ് പിടിയിലായത്. ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മലയാളിയായ ജീവനക്കാരന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി മിന്‍സയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. 

ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുട്ടി കൊടുംചൂടില്‍ മരിക്കുകയായിരുന്നു. ഉള്ളില്‍ പരിശോധന നടത്താതെ ജീവനക്കാര്‍ ബസ് പൂട്ടി പാര്‍ക്ക് ചെയ്ത് പോകുകയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളെ വീട്ടിലാക്കുന്നതിനായി ബസെടുത്തപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഞായറാഴ്ച തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം തുടങ്ങിയവയും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. അസാധാരണ സംഭവമായതിനാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയാണ് നടത്തുന്നത്. പരിശോധനാ ഫലം ലഭിച്ച ശേഷം കോടതി അനുമതിയോടെയായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.