കെപിസിസി അധ്യക്ഷനായ തന്നെ തരൂര്‍ തന്നെ ഫോണില്‍ പോലും വിളിക്കുന്നില്ലെന്ന് കെ സുധാകരന്‍
കെപിസിസി അധ്യക്ഷനായ തന്നെ ശശി തരൂര്‍ ഫോണില്‍ പോലും വിളിക്കുന്നില്ലെന്ന പരാതിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പൂര്‍ണ്ണമായും അവഗണിക്കുകയാണ്. മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു കാര്യവും പാര്‍ട്ടിയുമായി കൂടിയാലോചിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് ശശി തരൂര്‍ മാറിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയുമായി ആലോചിച്ചുവേണം കാര്യങ്ങള്‍ ചെയ്യാനെന്ന് നേരത്തേ ശശി തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തരൂര്‍ ഇത് അനുസരിക്കുന്നില്ലെന്നാണ് സുധാകരന്റെ വിമര്‍ശനം. ഡല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താന്‍. ആ തന്നെ ഒന്നു ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയ്യാറാവുന്നില്ലെന്നാണ് സുധാകരന്റെ പരാതി. പാര്‍ട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും തിരിച്ച് ശശി തരൂരിന് പാര്‍ട്ടിയെയും വേണമെന്ന കാര്യം മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.