കോടിയേരിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധം; പരാതിയുമായി ഫാത്തിമ തെഹ്ലിയ

 

സിപിഎം സംസ്ഥാന സമ്മേളനത്തിനിടയിലെ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതിയുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. കോടിയേരി നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഫാത്തിമ തെഹ്ലിയ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി നല്‍കിയ മറുപടിയാണ് വിവാദമായത്. 

സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമോ എന്നായിരുന്നു ചോദ്യം. എല്ലാ കമ്മിറ്റികളിലും പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് ഇതിന് മറുപടിയായി കോടിയേരി പറഞ്ഞു. പ്രാതിനിധ്യം 50 ശതമാനം ആക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നതാണോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ നടക്കുന്നതാണോ എന്ന മറുചോദ്യമായിരുന്നു ഉത്തരം. 50 ശതമാനമെന്നത് പ്രായോഗികമല്ലെന്നും കോടിയേരി വിശദീകരിച്ചു. 

ഈ പ്രസ്താവന ഗുരുതരവും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും ഫാത്തിമ തെഹ്ലിയ പരാതിയില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് കഴിഞ്ഞ ദിവസം ഫാത്തിമ പറഞ്ഞിരുന്നു.