ആദ്യ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാനെതിരെ; പഞ്ചാബിനെ വീഴ്ത്തി ലക്നൗ മൂന്നാം സ്ഥാനത്ത്
ഐപിഎല്ലിലെ തങ്ങളുടെ ഒമ്പതാം മത്സരത്തിൽ ആദ്യ ജയം തേടിയിറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസിന് എതിരാളികൾ ശക്തരായ രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ എട്ടു കളികളിൽ ആറ് വിജയം നേടി രണ്ടാം സ്ഥാനത്താണ് സഞ്ജു സാസംൺ നയിക്കുന്ന ആർആർ. മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം പ്ലേഓഫ് പ്രതീക്ഷ അവസാനിച്ചതിനാൽ ഇനി കൂടുതൽ സമ്മർദ്ദമില്ലാതെ കളിക്കാനാകും. മത്സരത്തിൽ മുൻതൂക്കം റോയൽസിനാണെങ്കിലും മുംബൈ ഏത് നേരവും തിരിച്ചുവരാം. രോഹിത് ശർമ്മയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തിൽ ടീമിന് വിജയം സമ്മാനിക്കാൻ അദേഹത്തിനാവുമോ എന്നായിരിക്കും ആരാധകർ ഉറ്റുനോക്കുന്നത്.
നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ് ഇന്നത്തെ ആദ്യ കളിയിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മത്സരം വിജയിച്ചാൽ ബാംഗ്ലൂരിന് ആദ്യ നാലിലേക്ക് കയറാം.
വെള്ളിയാഴ്ച്ച നടന്ന കളിയിൽ പഞ്ചാബിനെ ലക്നൗ തോൽപ്പിച്ചത് 20 റൺസിനാണ്. ആദ്യം ബാറ്റുചെയ്ത ലക്നൗ സൂപ്പർ ജെയിന്റ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 153 റൺസ് നേടി. 46 റൺസ് നേടിയ ക്വന്റൺ ഡീകോക്ക്, 34 റൺസെടുത്ത ദീപക്ക് ഹൂഡ എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. കഗീസോ റബാദ നാല് വിക്കറ്റും രാഹുൽ ചാഹർ 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ 3 വിക്കറ്റ് വീഴ്ത്തിയ മൊഹസിൻ ഖാൻ, 2 വിക്കറ്റ് വീതം നേടിയ ക്രൂനാൽ പാണ്ഡ്യ, ചമീര എന്നിവർ ചേർന്ന് ഒതുക്കി. 25 റൺസെടുത്ത നായകൻ മായങ്ക് അഗർവാൾ, 32 റൺസെടുത്ത ബെയർ സ്റ്റോ, ഋഷി ധവാൻ (21) എന്നിവരാണ് പിടിച്ചു നിന്നത്. 20 ഓവറിൽ 8 വിക്കറ്റിന് 133 എന്ന സ്കോറിൽ അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
പഞ്ചാബ് 9 കളിയിൽ 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.