ഒടുവിൽ മുംബൈ ജയിച്ചു; രാജസ്ഥാനെതിരെ വിജയം 5 വിക്കറ്റിന്. ​ഗുജറാത്തിനും വിജയം

 

തുടർച്ചയായ എട്ട് തോൽവികൾക്കൊടുവിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചു. രാജസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് സീസണിലെ ആദ്യ ജയം മുംബൈ സ്വന്തമാക്കിയത്. നായകൻ രോഹിത് ശർമ്മയുടെ ജന്മദിനത്തിലെ മത്സരത്തിൽ സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ കൂട്ടുകെട്ടാണ് ടീമിന് വിജയം നേടാൻ വഴിയൊരുക്കിയത്. 

ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഇത്തവണയും തിളങ്ങിയത് ജോസ് ബട്ട്ലറാണ്. 52 പന്തിൽ 67 റൺസെടുത്ത ജോസ് ബട്ട്ലറുടെ മികവിൽ 6 വിക്കറ്റിന് 158 റൺസ് എന്ന സ്കോറാണ് അവർ നേടിയത്. അവസാന ഓവറിൽ  കാര്യമായി റൺ നേടാൻ കഴിയാത്തത് രാജസ്ഥാന് വിനയായി. അശ്വിൻ 9 പന്തിൽ 21ഉം സഞ്ജു സാംസൺ 7 പന്തിൽ 16 റൺസും നേടി. 

മുബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഇഷാൻ കിഷൻ 18 പന്തിൽ 26 റൺസെടുത്ത് സ്കോർ നിരക്ക് ഉയർത്തി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ്- തിലക് വർമ്മ കൂട്ടുകെട്ട് 81 റൺസ് നേടി. യാദവ് 39 പന്തിൽ 51ഉം വർമ്മ 30 പന്തിൽ 35ഉം നേടി. 9 പന്തിൽ 20 റൺസെടുത്ത  ടിം ഡേവിഡ് ടീമിന്റെ വിജയം ഉറപ്പാക്കി.

ആദ്യം നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെ 6 വിക്കറ്റിന് തകർത്ത് ​ഗുജറാത്ത് ടൈറ്റൻസ് ഏട്ടാം ജയം സ്വന്തമാക്കി. വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തിൽ രജത്ത് പട്ടിദാറും അർദ്ധ സെഞ്ച്വറി നേടി. കോഹ്ലി 53 പന്തിൽ 58 റൺസ് നേടി. രജത് 32 പന്തിൽ 52ഉം. 20 ഓവറിൽ 6 വിക്കറ്റിന് 170 റൺസാണ് അവർ നേടിയത്.

25 പന്തിൽ 43 റൺലസെ‌ടുത്ത രാഹുൽ തെവാത്തിയ, 24 പന്തിൽ 39 റൺസെുത്ത ഡേവിഡ് മില്ലർ എന്നിവർ പുറത്താവാതെ ടീമിനെ 3 പന്ത് ബാക്കി നിൽക്കെ വിജയത്തിലെത്തിച്ചു. വൃദ്ധിമാൻ സാഹ ( 29), ശുഭ്മൻ ​ഗിൽ (31) എന്നിവരും തിളങ്ങി.