സിപിഎം പ്രവര്‍ത്തകന്റെ കൊല; 7 പേര്‍ കസ്റ്റഡിയില്‍, ബിജെപി കൗണ്‍സിലറെയും കസ്റ്റഡിയില്‍ എടുക്കും

 

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍. പിടിയിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് ബിജെപി മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു. 

പ്രകോപനകരമായ പ്രസംഗം നടത്തിയതിനാണ് ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. തങ്ങള്‍ക്കു മേല്‍ കൈവെച്ചവരെ എന്തു ചെയ്യണമെന്ന് അറിയാമെന്നായിരുന്നു ഇയാളുടെ പ്രസംഗം. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് ആണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. മുന്‍പ് പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 

ഇവരില്‍ നിന്ന് കൊലയില്‍ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊലയ്ക്ക് ദൃക്‌സാക്ഷിയായ ഹരിദാസന്റെ സഹോദരനില്‍ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.