അധ്യാപികയായി നിയമനത്തിന് എന്‍എസ്എസ് പണം ആവശ്യപ്പെട്ടു; പി.കെ.നാരായണ പണിക്കര്‍ക്കെതിരെ ആരോപണവുമായി ശ്രീലേഖ ഐപിഎസ്
എന്‍എസ്എസ് കോളേജില്‍ അധ്യാപികയായി നിയമനത്തിന് എന്‍എസ്എസ് വലിയ തുക ആവശ്യപ്പെട്ടുവെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ. 1984ല്‍ തന്റെ എംഎ പഠനത്തിന് ശേഷം എന്‍എസ്എസിന്റെ പത്രപരസ്യം കണ്ട് അപേക്ഷിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്കില്‍ എത്തിയിട്ടും ജോലിക്ക് ചേരാന്‍ ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ എത്തിയപ്പോള്‍ തന്നോട് 25,000 രൂപ നല്‍കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു.
ഇന്റര്‍വ്യൂവിന് ശേഷം കോളേജില്‍ ജോയിന്‍ ചെയ്യാനുള്ള അറിയിപ്പ് ടെലഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. കോളേജില്‍ എത്തിയപ്പോള്‍ നിയമനത്തിനായി 25,000 രൂപ കൊണ്ടുവന്നിട്ടുണ്ടോ എന്ന് സൂപ്രണ്ട് ചോദിച്ചു. അങ്ങനെയൊരു കാര്യം ഇന്റര്‍വ്യൂവിലോ പരസ്യത്തിലോ നിയമനം അറിയിച്ചുകൊണ്ടുള്ള ടെലഗ്രാമിലോ സൂചിപ്പിച്ചിട്ടില്ലായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ അത് ഇവിടത്തെ എഴുതപ്പെടാത്ത ചട്ടമാണെന്നായിരുന്നു മറുപടി. 1984ല്‍ 25,000 രൂപയെന്നത് വലിയ തുകയാണ്. താന്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനത്തെത്തിയ ആളാണെന്നും പണം ഒഴിവാക്കി മെറിറ്റില്‍ അഡ്മിഷന്‍ തരണമെന്നും പറഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയെ കാണാന്‍ സൂപ്രണ്ട് പറഞ്ഞു.
'നരച്ച താടിയും മുടിയുമുള്ള' ജനറല്‍ സെക്രട്ടറി എന്താണ് കാര്യമെന്ന് ചോദിച്ചു. വിവരം അറിയിച്ചപ്പോള്‍ പണം വാങ്ങുന്നത് ഞങ്ങളുടെ പോളിസിയാണ് ബോര്‍ഡ് എടുത്ത തീരുമാനമാണ്. പൈസ ഒഴിവാക്കാന്‍ പറ്റില്ല. ടീച്ചര്‍ എന്നു പറയുമ്പോള്‍ നല്ല ശമ്പളം അല്ലേ കിട്ടുന്നത്. ഒരു വര്‍ഷം കൊണ്ട് അത് തിരിച്ചടക്കാന്‍ കഴിയുമല്ലോ എന്നായിരുന്നു ജനറല്‍ സെക്രട്ടറിയുടെ മറുപടി. ഞാനൊരു നായര്‍ പെണ്‍കുട്ടിയാണ്. അച്ഛന്‍ കുട്ടികാലത്തെ മരിച്ചു. രണ്ട് ചേച്ചിമാരുണ്ട്. അമ്മയ്ക്ക് ജോലിയില്ല. ആ പരിഗണനയിലെങ്കിലും ജോലി തരണം. നിങ്ങള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയല്ലേ. ആ പരിഗണനയില്‍ എനിക്ക് ജോലി തന്നൂടേ എന്ന് ശ്രീലേഖ ചോദിച്ചു.
നായര്‍ സര്‍വ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിര്‍ധന നായര്‍മാരെ സഹായിക്കലല്ല. പ്രസ്ഥാനത്തെ സഹായിക്കാനാണ് സര്‍വ്വീസ് എന്നു പറയുന്നത്. ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളും കൃത്യമായി നടന്നുപോകണ്ടേ. ജോലി വേണ്ടെങ്കില്‍ രാജികത്ത് എഴുതിതന്ന് പോയിക്കോളു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാത്തവരെ നിയമിക്കാം. അവരില്‍ നിന്നും 75000 രൂപവരെ വാങ്ങിക്കാന്‍ കഴിയും എന്നായിരുന്നു ജനറല്‍ സെക്രട്ടറിയില്‍ നിന്ന് തനിക്ക് ലഭിച്ച മറുപടിയെന്നും ശ്രീലേഖ പറയുന്നു. അപ്പോയിന്റ്‌മെന്റ് ഓര്‍ഡറായി ലഭിച്ച ടെലഗ്രാ സന്ദേശം ചെറിയ കഷണങ്ങളായി കീറി ജനറല്‍ സെക്രട്ടറിയുടെ മുന്നില്‍ വെച്ച ശേഷം താന്‍ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ശ്രീലേഖ വ്യക്തമാക്കുന്നു.
1984ല്‍ നടന്ന സംഭവമായാണ് ശ്രീലേഖ തന്റെ അനുഭവം വിശദീകരിക്കുന്നത്. പി.കെ.നാരായണപ്പണിക്കര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി 1983ലാണ് ചുമതലയേറ്റത്. നാരായണപ്പണിക്കരെ പേരെടുത്തു പറയാതെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍
വീഡിയോ കാണാം