നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതില്‍ പങ്കില്ല; താനും മോഹിനിയാട്ടം പഠിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ ജഡ്ജി
 

 

നീനാ പ്രസാദിന്റെ നൃത്തം താന്‍ തടസപ്പെടുത്തിയെന്നത് തെറ്റായ വാര്‍ത്തയെന്ന വിശദീകരണവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ല. പോലീസിനോട് അങ്ങനെയൊരു കാര്യം താന്‍ ആവശ്യപ്പെട്ടിട്ടില്ല. പരിപാടിയുടെ ശബ്ദം കുറയ്ക്കാന്‍ തന്റെ ജീവനക്കാരില്‍ ഒരാള്‍ പാലക്കാട് ഡിവൈഎസ്പിയോട് ആവശ്യപ്പെടുകയായിരുന്നു. പോലീസാണ് പരിപാടി നിര്‍ത്തിവെയ്പ്പിച്ചതെന്നും ജഡ്ജി പാലക്കാട് ബാര്‍ അസോസിയേഷന് നല്‍കിയ കത്തില്‍ പറഞ്ഞു. 

ജഡ്ജിക്കെതിരെ അഭിഭാഷകര്‍ കോടതി വളപ്പില്‍ നടത്തിയ പ്രതിഷേധം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കത്തിലാണ് വിശദീകരണം. താന്‍ ആറു വര്‍ഷത്തോളം കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ട്. അരങ്ങേറ്റം വരെ മോഹിനിയാട്ടം പഠിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള താന്‍ മതപരമായ കാരണങ്ങളാല്‍ പോലീസിനെ ഉപയോഗിച്ച് നീനാ പ്രസാദിന്റെ നൃത്തപരിപാടി നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണം വേദനയുണ്ടാക്കുന്നു. 

ശബ്ദം കുറയ്ക്കാന്‍ ഇടപെടണമെന്ന് തന്റെ പിഎസ്ഒ ഡിവൈഎസ്പിക്ക് നല്‍കിയ സന്ദേശത്തില്‍ പോലീസ് അമിത ഇടപെടല്‍ നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും കലാം പാഷ കൂട്ടിച്ചേര്‍ത്തു.