പാലക്കാട് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട അപകടം കൊലപാതകമെന്ന് ബന്ധുക്കള്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍
പാലക്കാട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. യുവാക്കളെ മനഃപൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലപ്പെട്ട ആദര്‍ശിന്റെയും സാബിത്തിന്റെയും ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. അപകടം നടക്കുന്നതിന് 5 കിലോമീറ്റര്‍ മുന്‍പ് ബസ് ഡ്രൈവറും ആദര്‍ശും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഇതിന് പിന്നാലെയാണ് ബസ് ബൈക്കില്‍ ഇടിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പീച്ചി, പട്ടിക്കാട് സ്വദേശി സി.എല്‍.ഔസേപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളും ആദര്‍ശും തമ്മില്‍ തര്‍ക്കമുണ്ടായതിന് ബസിലെ യാത്രക്കാര്‍ സാക്ഷികളാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഫെബ്രുവരി 7നാണ് പാലക്കാട് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് യുവാക്കള്‍ മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കെഎസ്ആര്‍ടിസി അന്വേഷണം നടത്തുകയും ഡ്രൈവറുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്കിനെ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത് എത്തിയ ബസ് വലത്തേക്ക് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.
ബൈക്ക് ഇരു വാഹനങ്ങളുടെയും ഇടയില്‍ പെടുകയും ബസില്‍ ഇടിച്ച് യുവാക്കള്‍ ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ബസിന് പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ് ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്.