പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

 

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രഡിസന്റും മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്നു. ഏതാനും ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. 

2009 ഓഗസ്റ്റില്‍ സഹോദരനും മുസ്ലീം ലീഗ് അധ്യക്ഷനുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് ഹൈദരലി തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനായത്. 25 വര്‍ഷത്തോളം മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. 1947 ജൂണ്‍ 15ന് ജനിച്ച ഹൈദരലി തങ്ങള്‍ ഇസ്ലാമിക പണ്ഡിതനും ആത്മീയാചാര്യനുമായിരുന്നു. 

പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കൂടാതെ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്.