പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ വര്‍ദ്ധിപ്പിച്ചു

 

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വിലകളും ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിനുമാണ് വില വര്‍ദ്ധിപ്പിച്ചത്. 141 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ത്തിയത്. ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് വര്‍ദ്ധിച്ചത്. 

ഇതോടെ കൊച്ചിയില്‍ പെട്രോളിന്റെ വിസ 104.17 രൂപയില്‍ നിന്ന് 105.04 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 91.42 രൂപയില്‍ നിന്ന് 92.27 രൂപയായാണ് വര്‍ദ്ധിച്ചത്. 50 രൂപയാണ് എല്‍പിജി 14 കിലോയുടെ ഗാര്‍ഹിക സിലിന്‍ഡറിന് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയിലെ പാചക വാതക വില ഡെലിവറി ചാര്‍ജുകള്‍ ഇല്ലാതെ 956 രൂപയായി. 

രാജ്യത്ത് കഴിഞ്ഞ നവംബറിലാണ് ഏറ്റവും ഒടുവിലായി ഇന്ധനവില പരിഷ്‌കരിച്ചത്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടിയെങ്കിലും 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നതിനാല്‍ രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നില്ല. നിലവില്‍ 115 ഡോളറാണ് രാജ്യാന്തര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില.