ഉക്രൈനില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി; കീവില്‍ സ്‌ഫോടനങ്ങള്‍, മനുഷ്യത്വത്തിന്റെ പേരില്‍ പിന്‍മാറണമെന്ന് യുഎന്‍
ഉക്രൈനില്‍ ആക്രമണത്തിന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെ റഷ്യന്‍ സൈന്യം ആക്രമണം ആരംഭിച്ചു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി വന്‍ സ്‌ഫോടനങ്ങളും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറനുകളും കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാര്‍ക്കീവീല്‍ ഉക്രൈന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ വിവിധ മേഖലകളില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് വിവരം.
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നും ആയുധം വെച്ച് കീഴടങ്ങണമെന്നുമാണ് ഉക്രൈന് പുടിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 40 കിലോമീറ്ററോളം ചുറ്റളവില്‍ റഷ്യന്‍ സൈന്യം ഉക്രൈനെ വളഞ്ഞിരിക്കുകയാണ്. രണ്ടര ലക്ഷത്തോളം സൈനികരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ ഉക്രൈന്‍ നടപടി ആരംഭിച്ചു. റഷ്യന്‍ സൈന്യം ഒഡേസയില്‍ എത്തിയതായും ഉക്രൈന്‍ സ്ഥിരീകരിച്ചു.
ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുടിന്‍ അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെ റഷ്യ ആക്രമണം ആരംഭിക്കുകയായിരുന്നു. റഷ്യന്‍ നീക്കത്തെ അപലപിച്ച ഐക്യരാഷ്ട്രസഭ മനുഷ്യത്വത്തിന്റെ പേരില്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. ആക്രമണമുണ്ടാക്കുന്ന മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും റഷ്യ മാത്രമായിരിക്കും കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും സഖ്യകക്ഷികളും ഇതിനോട് പ്രതികരിക്കുമെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.