ഉക്രൈനില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍; പ്രഖ്യാപനം കുരുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍
ഉക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ കുരുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിര്‍ത്തലെന്ന് റഷ്യ അറിയിച്ചു. ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്നത്.
അതേസമയം പൗരന്‍മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് താല്‍ക്കാലിക വെടിനിര്‍ത്തലെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു. മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴികള്‍ തുറക്കുകയാണെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായി ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളു റഷ്യക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആറു മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തലെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.