കീവില്‍ രണ്ടാം ദിവസവും സ്‌ഫോടനങ്ങള്‍; റഷ്യ ചെര്‍ണോബില്‍ പിടിച്ചെടുത്തു, കഴിഞ്ഞ ദിവസം 137 പേര്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈന്‍

 

റഷ്യന്‍ ആക്രമണം ആരംഭിച്ച് രണ്ടാമത്തെ ദിവസമായ വെള്ളിയാഴ്ചയും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടനങ്ങള്‍. പുലര്‍ച്ചെ രണ്ട് സ്‌ഫോടനങ്ങള്‍ കീവില്‍ ഉണ്ടായതായി ഉക്രൈന്‍ മുന്‍ ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളായിരിക്കാം ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇതിനിടെ ചെര്‍ണോബില്‍ മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ആണവ ദുരന്തമുണ്ടായ റിയാക്ടര്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉക്രൈന്‍ സൈനികരെ റഷ്യ ബന്ദികളാക്കിയിരിക്കുകയാണ്. യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ 137 പേരുടെ ജീവന്‍ നഷ്ടമായതായി ഉക്രൈന്‍ സ്ഥിരീകരിച്ചു. 

203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവയില്‍ വിമാനത്താവളങ്ങളും സൈനികത്താവളങ്ങളും ഉള്‍പ്പെടുന്നു. 50 റഷ്യന്‍ സൈനികരെ തങ്ങള്‍ വധിച്ചതായും ഉക്രൈന്‍ അറിയിച്ചു. ഏകദേശം ഒരു ലക്ഷത്തോളം ഉക്രൈന്‍ പൗരന്‍മാര്‍ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഏജന്‍സി കണക്കാക്കുന്നത്.