വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും അദ്ദേഹത്തിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്നും കോട്ടയം മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാല്‍ വാവ സുരേഷ് 48 മണിക്കൂര്‍ വരെ ഐസിയുവില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പാമ്പുകടിയേറ്റ വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്.
വ്യാഴാഴ്ചയാണ് കോട്ടയം, കുറിച്ചിയില്‍ വെച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുറിച്ചി പാട്ടാശ്ശേരി വാണിയപ്പുരയ്ക്കല്‍ വീട്ടില്‍ മുറ്റത്ത് കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ക്കിടയില്‍ നിന്ന് പിടിച്ച പാമ്പിനെ ചാക്കിലാക്കുന്നതിനിടെ വാവയുടെ മുട്ടിന് മുകളില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചാണ് ചികിത്സ നല്‍കിയത്.