തോൽവിയിൽ "ആറാടി" മുംബൈ; രാഹുൽ സെഞ്ച്വറിയിൽ ലക്‌നൗവിന് വിജയം

 

ഐപിഎൽ 15ആം സീസണിലെ ആറാം മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ് മറ്റൊരു റെക്കോഡ് ഇട്ടു. തുടർച്ചയായ ആറു കളികളിൽ തോൽവി. ഇന്ന് നടന്ന കളിയിൽ 18 റൺസിനാണ് മുംബൈ തോറ്റത്. ലക്‌നൗ ഉയർത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന് 181 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ലക്‌നൗ സൂപ്പർ ജയെന്റ് നായകൻ കെ.എൽ രാഹുൽ നേടിയ സെഞ്ചുറിയും (103*) 3 വിക്കറ്റ് വീഴ്ത്തി ആവേശ് ഖാനുമാണ്  കളി ലക്‌നൗവിന് അനുകൂലമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ലക്‌നൗവിന് ഓപ്പണർമാർ നല്ല തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 52 റൺസ് രാഹുലും ഡികോക്കും കൂട്ടിച്ചേർത്തു. ഡികോക് 24ന് പുറത്തായി. പിന്നാലെ എത്തിയ മനീഷ് പാണ്ഡെ (38) രാഹുലിന് നല്ല പിന്തുണ നൽകി. 60 പന്തിൽ 9 ഫോറും 5 സിക്‌സും പറത്തിയാണ് രാഹുൽ 103 റൺസ് നേടിയത്. 

200 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയുടെയും ഇഷാൻ കിഷന്റെയും വിക്കറ്റ്‌ തുടക്കത്തിൽ തന്നെ നഷ്ടമായി. ഡെവാൽഡ് ബ്രെവിസ് (31), സൂര്യകുമാർ യാദവ്(37), തിലക് വർമ്മ(26), പൊള്ളാർഡ്(25) എന്നിവർ പൊരുതി എങ്കിലും കാര്യമുണ്ടായില്ല. 4 ഓവറിൽ 30 റൺസ് വഴങ്ങിയാണ് ആവേശ് ഖാൻ 3 വിക്കറ്റ് വീഴ്ത്തിയത്. 

ജയത്തോടെ ലക്‌നൗ 8 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ആറിൽ ആറും തോറ്റ മുംബൈ അവസാന സ്ഥാനത്തും.