മീഡിയവണ്‍ സംപ്രേഷണ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; സംപ്രേഷണം തുടരാം

 

മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ചാനലിന് മുന്‍പുള്ളതു പോലെ സംപ്രേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. രാജ്യസുരക്ഷയുടെ പേരില്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.  

ചാനലിന് വേണ്ടി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, എഡിറ്റര്‍ പ്രമോദ് രാമന്‍, ജീവനക്കാര്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ലൈസന്‍സ് റദ്ദാക്കിയത് സുരക്ഷാ കാരണങ്ങളാലാണെന്നും ഇത് സ്റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.