ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥം; മന്‍സിയയുടെ നൃത്തപരിപാടി റദ്ദാക്കിയതില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്രസമിതി

 

അഹിന്ദുവായതിനാല്‍ മന്‍സിയയുടെ ചാര്‍ട്ട് ചെയ്ത ഭരതനാട്യം പരിപാടി റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭരണസമിതി. പരിപാടി നടത്തുന്നത് മതില്‍ക്കെട്ടിനുള്ളിലായതിനാലാണ് മന്‍സിയയെ ഒഴിവാക്കിയതെന്നും ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥരാണെന്നും ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ പറഞ്ഞു. ചാര്‍ട്ട് ചെയ്ത് നോട്ടീസിലും പരസ്യം ചെയ്ത പരിപാടി ഒഴിവാക്കിയ സംഭവത്തില്‍ മന്‍സിയയുടെ ഫെയിസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് ക്ഷേത്രഭാരവാഹികള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കലാപരിപാടികള്‍ ക്ഷണിച്ചത് പത്രത്തില്‍ പരസ്യം നല്‍കിയാണ്. പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്‍മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്ര മതിലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. കൂത്തമ്പലവും അവിടെത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇത്തവണ നൂറുകണക്കിന് അപേക്ഷകള്‍ വന്നു. അപേക്ഷകരില്‍ നിന്ന് വിദഗ്ദ്ധ സമിതിയാണ് കലാകാരന്‍മാരെ തെരഞ്ഞെടുക്കുന്നത്. 

അടുത്ത ഘട്ടമായി കച്ചീട്ടാക്കുന്നതിനായി പരിശോധന നടത്തിയപ്പോഴാണ് ഈ കലാകാരി ഹിന്ദുവല്ലെന്ന് ബോധ്യപ്പെടുന്നത്. നിലവിലെ ക്ഷേത്ര നിയമം അനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും പ്രദീപ് മേനോന്‍ പറഞ്ഞു.