യൂട്യൂബറെ തെറിവിളിച്ച സംഭവം; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

 

മാളികപ്പുറം സിനിമയുടെ റിവ്യൂ വീഡിയോ പോസ്റ്റ് ചെയ്തത യൂട്യൂബറെ തെറിവിളിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍. വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. സിനിമ റിവ്യൂ ചെയ്യാം, ചെയ്യാതെയിരിക്കാം. പക്ഷേ, ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുത്. സിനിമയില്‍ അഭിനയിച്ച കുട്ടിയെ വെച്ച് ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് നേരിട്ടു വിളിച്ചത്. 

അച്ഛനെയോ അമ്മയെയോ തെറിവിളിച്ചാലോ കളിയാക്കിയാലോ പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ല. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമമായിട്ടോ അല്ലെങ്കില്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാമെന്ന് നടന്‍ പറയുന്നു. തെറ്റ് സംഭവിച്ചു എന്നൊന്നും പറയുന്നില്ല. പക്ഷേ, ആ വ്യക്തിയെ പതിനഞ്ചു മിനിറ്റിനു ശേഷം താന്‍ വിളിച്ചു മാപ്പു ചോദിച്ചിരുന്നു. വീഡിയോ യൂട്യൂബില്‍ വരുന്നത് വ്യൂസിനു വേണ്ടിയാകാം. 

തന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാകാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്നു പറഞ്ഞതുകൊണ്ട് മാത്രമാണ് നേരിട്ടു വിളിച്ച് കാര്യം പറഞ്ഞത്. സിനിമ റിവ്യൂ ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചെലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്. എന്റെ ദേഷ്യവും സങ്കടവും ആ വ്യക്തിയുടെ പേഴ്‌സണല്‍ പരാമര്‍ശങ്ങളോടാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.