അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബി.രാമന്‍പിള്ളയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിതയായ നടി

 

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്ന് പരാതി നല്‍കി അതിജീവിത. അഡ്വ.ബി.രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്കെതിരെ നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കേസിലെ 21 സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതില്‍ അഭിഭാഷകര്‍ക്കുള്ള പങ്ക് സംബന്ധിച്ചുള്ള തെളിവുകളും അതിജീവിത ഹാജരാക്കിയിട്ടുണ്ട്. 

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ ബാര്‍ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നും നടി പരാതിയില്‍ ആവശ്യപ്പെടുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും അഡ്വ.രാമന്‍പിള്ള നേതൃത്വം നല്‍കി. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി വ്യക്തമാക്കുന്നു. 

ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ പരാതി. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ പ്രതികരിച്ചിട്ടില്ല.