ആയുര്‍വേദ കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പിടിയില്‍
നെല്ലാട് സ്വദേശിയായ ആയുര്‍വേദ കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങല്‍പ്പടി വീട്ടില്‍ ബിനീഷ് (43), തിരുപ്പൂര്‍ സന്തപ്പെട്ടശിവ (അറുമുഖന്‍ 40), കഞ്ചിക്കോട് ചെമ്മണംകാട് കാര്‍ത്തികയില്‍ (പുത്തന്‍ വീട്) ശ്രീനാഥ് (33) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. വെളളിയാഴ്ചയാണ് സംഭവം.
ആയുര്‍വേദ കമ്പനിയുടെ ബിസിനസ് തമിഴ്‌നാട്ടില്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്. തുടര്‍ന്ന് ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കോയമ്പത്തൂരിലേക്ക് ചെന്ന ഇദ്ദേഹത്തെ ബലമായി വണ്ടിയില്‍ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ചു. നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ നല്‍കിയിലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മകനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രത്യേക ഓപ്പറേഷനിലൂടെ തിരുപ്പൂരില്‍ നിന്നും പ്രതികളെ പിടികൂടി ഉടമയെ മോചിപ്പിക്കുകയായിരുന്നു. പോലീസിനെ കണ്ട് പ്രതികള്‍ ഉടമയെയും കൊണ്ട് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.