തൃക്കാക്കര കൂട്ടബലാല്‍സംഗം; സിഐ സുനുവിന് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട്
തൃക്കാക്കര കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിയായ സിഐ പി.ആര്‍.സുനുവിന് എതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. തൃക്കാക്കര എസിപിയാണ് സുനുവിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചത്. പരാതി നല്‍കിയത് ഭര്‍ത്താവിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഐ സുനുവും മറ്റു ചിലരും ചേര്‍ന്ന് തൃക്കാക്കരയിലും കടവന്ത്രയിലും വെച്ച് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി നല്‍കിയ പരാതി. തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവ് ജയിലില്‍ ആയിരിക്കെ തന്നെ സ്വാധീനിച്ച് ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചിരുന്നു.
കൂട്ടബലാത്സംഗം എന്ന് ആദ്യമൊഴിയില്‍ പറഞ്ഞ യുവതി പിന്നീട് ചോദ്യം ചെയ്യലില്‍ മൊഴി മാറ്റിപ്പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് പരാതി നല്‍കിയതെന്നും ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞു. സുനു നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ്. മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുള്ള സുനുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പോലീസ് റിപ്പോര്‍ട്ട്.