വാര്‍ റൂം പൂട്ടുമോ? കെ.സി.വേണുഗോപാല്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ജി 23 നേതാക്കള്‍ 

 

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ അടുത്തയാളുമായ കെ.സി.വേണുഗോപാലിനെതിരെ ജി23 നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് പോലും പോകാത്ത വേണുഗോപാല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് നേതാക്കള്‍ പറയുന്നു. ഇത്തരമൊരു നേതാവിനെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയാക്കേണ്ടതുണ്ടോ എന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന തിരുത്തല്‍വാദികളായ ജി23നേതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

ഉടന്‍ ചേരാനിടയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കൈവശമുണ്ടായിരുന്ന പഞ്ചാബ് കൈവിടുകയും ചെയ്തതാണ് ജി23 നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കപില്‍ സിബല്‍, മനീഷ് തിവാരി, ഭൂപേന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തിരുന്നു. 

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനില്ലാത്തത് പോരായ്മയാണ്. സ്ഥിരം അധ്യക്ഷനെ നിയമിക്കാന്‍ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഗാന്ധികുടുംബം മുന്നോട്ടുവെയ്ക്കുന്ന സമവായ ഫോര്‍മുലകളൊന്നും അംഗീകരിക്കേണ്ടതില്ല. അശോക് ഗെഹ്‌ലാട്ടിനെ ദേശീയ അധ്യക്ഷനാക്കാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമുള്ള നീക്കം അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനമായി.