മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമന്‍ അപ്പീല്‍ കോടതി
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ അപ്പീല്‍ കോടതി ശരിവെച്ചു. യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് നേരത്തേ യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദി കൊല്ലപ്പെട്ട കേസിലാണ് വിധി.
സ്ത്രീയെന്നതും ആറു വയസുള്ള മകന്റെ അമ്മയെന്നതും പരിഗണിച്ച് വധശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു സനായിലെ അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നിമിഷപ്രിയയുടെ കുടുംബമാണ് അപ്പീല്‍ നല്‍കിയത്. തലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി വധശിക്ഷയില്‍ നിന്ന് ഇളവ് നേടാന്‍ ശ്രമം നടത്തിയെങ്കിലും തദ്ദേശീയര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
2017ലാണ് തലാല്‍ കൊല്ലപ്പെട്ടത്. നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് മുകളിലെ ടാങ്കില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് കേസ്. യെമനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന തന്നെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് ഭാര്യയാക്കി വെ്ക്കുകയുമായിരുന്നു തലാല്‍ എന്ന് നിമിഷപ്രിയ വാദിച്ചിരുന്നു.
തലാലില്‍ നിന്ന് താന്‍ ക്രൂര പീഡനമേറ്റിരുന്നു. പിന്നീട് ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശം അനുസരിച്ച് തലാലിന് മരുന്ന് കുത്തിവെച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നിമിഷപ്രിയ വിചാരണ കോടതിയില്‍ പറഞ്ഞിരുന്നു.