കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി രണ്ടു പേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഗര്‍ഭിണിയായ റീഷയെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് ദാരുണ സംഭവമുണ്ടായത്.
ബന്ധുക്കളായ നാലു പേരും കാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മരിച്ചവര്‍ രണ്ടു പേരും കാറിന്റെ മുന്നിലായിരുന്നു ഇരുന്നത്. മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതാണ് ഇവര്‍ വെന്തു മരിക്കാന്‍ കാരണം. പിന്നിലുണ്ടായിരുന്ന നാലു പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. കാരണം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. പുതിയ കാറാണ് കത്തി നശിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് ഇരുവരേയും പുറത്തെടുക്കാനായത്.