ഒരു മകനെയാണ് നഷ്ടപ്പെട്ടത്, അപകടത്തിനിടയാക്കിയത് അനാസ്ഥയാണെങ്കിൽ വിട്ടുവീഴ്ചയുണ്ടാകില്ല- മന്ത്രി

സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിട്ടുള്ളതെന്നും വീട്ടിലെ ഒരു മകന്‍ നഷ്ടപ്പെട്ട പ്രതീതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്തേക്ക് അടിയന്തരമായി പോകാന്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഡിഡിയും സ്ഥലത്തേക്ക് പോയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം താനും അവിടേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് വ്യാഴാഴ്ച രാവിലെ ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പേതന്നെ പല തവണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്, സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കിയിരുന്നതായിരുന്നെന്നും മന്ത്രി പറഞ്ഞു. നൂറോളം കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു, സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍കൂടി വൈദ്യുതി കമ്പി പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നത്. അഥവാ പോകുന്നുണ്ടെങ്കില്‍ അത് നീക്കംചെയ്യാനും നിര്‍ദേശത്തിലുണ്ടായിരുന്നു, മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വി. ശിവന്‍കുട്ടി പറഞ്ഞു. മിഥുന്റെ മരണത്തെ തുടര്‍ന്ന് എന്തൊക്ക സഹായം ചെയ്യേണ്ടിവന്നാലും അത് മുഴുവന്‍ സര്‍ക്കാര്‍ ചെയ്യും. മിഥുന്റെ കുടുംബത്തോടുള്ള ദുഃഖം അറിയിക്കുന്നതായും അവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ഹെഡ് മാസ്റ്റര്‍ക്കും പ്രിന്‍സിപ്പാളിനും എന്താണ് മറ്റ് ജോലിയെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ അവർ ശ്രദ്ധിക്കേണ്ടതല്ലേ. സംസ്ഥാനത്തെ 14,000 സ്കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കും മറ്റും ശ്രദ്ധിക്കാനാകില്ലല്ലോ. ഒരു സ്കൂളിന്റെ അധിപനായിരിക്കുന്ന ആൾ ഇക്കാര്യങ്ങളെ കുറിച്ച് സർക്കാരിൽനിന്ന് വരുന്ന നിർദേശങ്ങൾ വായിച്ചെങ്കിലും നോക്കണ്ടേ. മറ്റ് സ്‌കൂളുകളിലും സമാനമായ രീതിയില്‍ വൈദ്യുതി കമ്പി താഴ്ന്നുകിടക്കുന്നതായി ആളുകള്‍ അറിയിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.