‘രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് അതിവേഗം പരിഹാരം; ടിക് ടോക്കിനെ നമുക്ക് രക്ഷിക്കണം’

 

 രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്തിയിലും പരിഹാരമുണ്ടാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞയ്ക്കു മുൻപായി നടന്ന വിജയറാലിയിലാണു ട്രംപിന്റെ അവകാശവാദം. രണ്ടാം തവണയാണു ട്രംപ് പ്രസിഡന്റാകുന്നത്.

മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ‘‘നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും, ചരിത്രപരമായ വേഗതയിലും ശക്തിയിലും പ്രവർത്തിച്ചു ഞാൻ പരിഹരിക്കും. അതിർത്തികളിലെ കടന്നുകയറ്റം നമ്മൾ അവസാനിപ്പിക്കും.’’– വാഷിങ്ടൻ അരീനയിലെ ജനക്കൂട്ടത്തോടായി ട്രംപ് പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമാക്കി പരിശോധനകൾ ആരംഭിക്കാനാണു പദ്ധതിയെന്നു ട്രംപ് സൂചിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജോ ബൈഡന്റേത് പരാജയപ്പെട്ട സർക്കാർ ആയിരുന്നെന്നും ആരോപിച്ചു. 

‘സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കൽ’ വകുപ്പിന്റെ ചുമതലയുള്ള വ്യവസായിയുമായ ഇലോൺ മസ്കും ട്രംപിനൊപ്പം വേദി പങ്കിട്ടു. നടൻ ജോൺ വോയ്റ്റ്, സംഗീതജ്ഞൻ കിഡ് റോക്ക് തുടങ്ങിയ സെലിബ്രിറ്റികളും വേദിയിലുണ്ടായിരുന്നു. കടുത്ത തണുപ്പിലും ട്രംപിനു പിന്തുണയുമായി അനുയായികളുടെ നീണ്ട നിരയാണ് അണിനിരന്നത്.

യുഎസ് സൈനികരുടെ അന്ത്യവിശ്രമസ്ഥലമായ ആർലിങ്ടൻ സെമിത്തേരി ട്രംപ് സന്ദർശിച്ചു. കറുത്ത ഓവർകോട്ട്, ചുവന്ന ടൈ, കറുത്ത കയ്യുറ എന്നിവ ധരിച്ചെത്തിയ അദ്ദേഹം സൈനികരുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അനുഗമിച്ചു. അമേരിക്കയുടെ സുവർണയുഗത്തിലേക്കു നമ്മൾ പ്രവേശിക്കുകയാണെന്നു ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ് പറഞ്ഞു.

പദവിയിൽ തിരിച്ചെത്തിയാൽ, നിർണായകമായ നടപടികൾ സ്വീകരിക്കുമെന്നാണു ട്രംപിന്റെ പ്രഖ്യാപനം. ജോ ബൈഡന്റെ വിവിധ നയങ്ങളെ റദ്ദാക്കുന്ന ഒട്ടേറെ ഉത്തരവുകൾ ആദ്യ ദിവസം തന്നെ ഇറക്കിയേക്കും. എണ്ണഖനനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇതിലുൾപ്പെടും. കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്ന വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കും പ്രതീക്ഷയിലാണ്. ‘നമുക്കു ടിക് ടോക്കിനെ രക്ഷിക്കണം’ എന്നാണു റാലിയിൽ ട്രംപ് പറഞ്ഞത്. ഗാസയിൽ വെടിനിർത്തലിന്റെ ഭാഗമായുള്ള ചർച്ചകളിൽ ബൈഡന്റെ ഉദ്യോഗസ്ഥർക്കൊപ്പം ട്രംപിന്റെ സംഘവും പങ്കാളികളായിരുന്നു.