അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക് സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം

 

ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾ റസാഖ് ഗുർണയ്ക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. 1994ൽ പുറത്തിറങ്ങിയ പാര‍‍ഡൈസാണ് അദേഹത്തിന്റെ പ്രശസ്ത കൃതി. നിലവിൽ  ഇം​ഗ്ലണ്ടിൽ  താമസിക്കുന്ന അബ്ദുൾ റസാഖ് വിഖ്യാതകൃതി  2005ലെ ബുക്കർ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേർഷൻ, ബൈ ദി സീ, മെമ്മറി ഓഫ് ഡിപ്പാർച്ചർ, പിൽഗ്രിംസ് വേ എന്നിവയാണ് മറ്റ് കൃതികൾ.

സാൻസിബറിൽ ജനിച്ച ഗുർണ വിദ്യാഭ്യാസത്തിനായി 68-ൽ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് അവിടെ സ്ഥിരതാമസമാക്കി. ആഫ്രിക്കൻ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയൽ രചനകളെ കുറിച്ചാണ് കൂടുതൽ പഠനങ്ങൾ നടത്തിയത്. ബ്രിട്ടനിലെ കെന്റ് സർവകലാശാലയിലെ അധ്യാപകനായിരുന്നു. ഇംഗ്ലീഷിൽ പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കാൻ കാരണമെന്ന് ജൂറി അഭിപ്രായപ്പെട്ടു.